വായനക്കാരുടെ ശ്രദ്ധക്ക്

പിരിയാതെ നാം
( നന്ദിതാ ജോസ് )
ഒരാലിംഗനം കൂടെയെന്നു
പരസ്പരം നിലവിളിക്കുന്ന
ഹൃദയങ്ങൾ
ഒടുവിൽ കൈവിരൽത്തുമ്പു
തഴുകിയുള്ള
യാത്രപറയൽ...
മിഴികളപ്പോഴുമന്യോന്യം
കെട്ടിപ്പുണരുന്നുണ്ടാവും...
വേർപിരിയലുകൾ
ചാക്രികമാണ്..
വീണ്ടുമൊന്നിക്കാൻ വേണ്ടിയുള്ള
ഒറ്റപ്പെടലുകൾ...
ഞാൻ വസന്തമായാൽ
പാട്ടുമായെത്തുന്ന
പൂങ്കുയിലാകും നീ
ഞാൻ മഴയാകുമ്പോൾ
മഴമണം തേടിയണയുന്ന
നിശാശലഭമാകും നീ...
നീർത്തോടായ് ഞാനൊഴുകിയാൽ
മാൻപേടയായ് വന്നു
ചുണ്ടമർത്തും നീ...
പിരിയുന്നേയില്ല നാം...
കാലചക്രത്തിന്റെ
ആരക്കാലുകളിലൂടെ
നടന്നു നടന്ന്
പുനസ്സമാഗമ ബിന്ദുവിൽ
വിലയം പ്രാപിക്കുന്നു...
അത്രമാത്രം..
പിരിയുന്നേയില്ല നാം..